Sunday, 3 August 2014

ഹിരോഷിമദിനം വീണ്ടുമെത്തുമ്പോള്‍...

ഹിരോഷിമയില്‍ പതിച്ച അണുബോംബ് ലിറ്റില്‍ ബോയ്





ഹിരോഷിമ

ജപ്പാനിലെസമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കന്‍ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്
1589 ല്‍ സെറ്റോ ഉള്‍ക്കടലില്‍ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ല്‍ ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.
അച്ചുതണ്ട് ശക്തികളില്‍ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാര്‍ഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റില്‍ ബോയ് ഏതാണ്ട് 80,000 പേരുടെ മരണത്തിന്‌ കാരണമായി. 90,000 മുതല്‍ 140,000 വരെ ആളുകൾ ആണവവികിരണം മൂലം പില്‍ക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.
സാംസ്കാരികമായ സവിശേഷതകള്‍ ഹിരോഷിമക്കും ഉണ്ട്. 1963 മുതല്‍ തുടര്‍ന്നു പോരുന്ന സിംഫണി ഓര്‍ക്കസ്ട്ര സംഗീതത്തിന്റെ മേഖലയില്‍ ഹിരോഷിമയുടെ പ്രാധാന്യം വെളിവാക്കുന്നു. മ്യൂസിയങ്ങളുടെ നാടു കൂടിയാണ് ഹിരോഷിമ. ഇതില്‍ ഏറ്റവും പ്രാധാന്യം ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയമാണ്. ആദ്യ ആറ്റം ബോംബിന്റെ കെടുതികള്‍ അനുഭവിച്ചറിഞ്ഞ ജനത സമധാനത്തിന്റെ പ്രതീകമായി പണിതതാണ് ഈ മ്യൂസിയം. ഹിരോഷിമ മ്യൂസിയം ഓഫ് ആര്‍ട്ട്, ഹിരോഷിമ പെര്‍ഫെക്ച്വല്‍ ആര്‍ട്ട് മ്യൂസിയം , ഹിരോഷിമ സിറ്റി മ്യൂസിയം ഓഫ് കണ്ടംപെററി ആര്‍ട്ട് എന്നിവയെല്ലാം കലക്ക് ഹിരോഷിമ നല്‍കിയിരിക്കുന്ന പ്രാധാന്യം വെളിവാക്കുന്നവയാണ്. ഹിരോഷിമ ഫ്ലവര്‍ ഫെസ്റ്റിവലും ഹിരോഷിമ ഇന്റര്‍നാഷണല്‍ ആനിമല്‍ ഫെസ്റ്റിവലും ആണ് പ്രധാന ഉത്സവങ്ങള്‍ ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാധാനപ്രിയരായ ജനങ്ങളെ ആകര്‍ഷിക്കുന്ന ഇടമാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റ് - 6 ന് ലോകസമാധാനത്തിനായുള്ള വിവിധ പരിപാടികള്‍ ഇവിടെ നടക്കുന്നു.

ഹിരോഷിമദിനം വീണ്ടുമെത്തുമ്പോള്‍...

ഓരോ യുദ്ധവും മാനവരാശിക്ക് ഏല്‍പിക്കുന്ന ദുരിതം ചെറുതല്ല.യുദ്ധം സര്‍വനാശ,ത്തെയാണ് ക്ഷണിച്ചുവരുത്തുന്നത്.ഒന്നാം ലോകമഹായുദ്ധത്തിന്റെ നടുക്കുന്ന ഓര്‍മ്മയ്ക്ക് നൂറുവയസ്സ് തികയുന്നു.മാനവചരിത്രത്തിന്റെ സമസ്തമേഖലകളെയും സാരമായി ബാധിച്ച മഹാസംഭവമായിരുന്നു ഒന്നാം ലോകമഹായുദ്ധം.ഒരു രാഷ്ട്രിയകൊലപാതകത്തില്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച യുദ്ധമായിരുന്നു അത്.
1939 സപ്തംബര്‍ ഒന്നുമുതല്‍ 1945 ആഗസ്ത് പതിനഞ്ച് വരെ നീണ്ട രക്തരൂക്ഷിതമായഏറ്റുമുട്ടലാണ് രണ്ടാംലോകമഹായുദ്ധം.ജര്‍മനിയിലും ഇറ്റലിയിലുമുണ്ടായ നാസിസത്തിന്റെയും ഫാസിസത്തിന്റെയും വളര്‍ച്ച, തീവ്രദേശീയത,സാമ്രാജ്യത്വ അധിനിവേശങ്ങള്‍ തുടങ്ങിയവയാണ് യുദ്ധത്തിന് കാരണമായത്.നാലുകോടി ജനങ്ങളുടെ ജീവനാണ് ഈയുദ്ധം അപഹരിച്ചത്.യുദ്ധത്തില്‍ പ്രത്യക്ഷമായി 50രാജ്യങ്ങള്‍ പങ്കെടുത്തു.കരയിലും കടലിലും ആകാശത്തുമായി നടന്ന യുദ്ധത്തില്‍ പുത്തന്‍ ആയുധങ്ങളും തന്ത്രങ്ങള്ം ഉപയോഗിച്ചു.ഈ യുദ്ധത്തിലാണ് ആദ്യമായി അണുബോംബ് വര്ഷിക്കപ്പെട്ടത്.1945 ആഗസ്ത് ആറിന് ജപ്പാനിലെ ഹിരോഷിമയിലും ആഗസ്ത് ഒമ്പതിന് നാഗസാക്കിയിലും.അണുവികിരണത്തിന്റെ അനന്തരഫലങ്ങള്‍ ജപ്പാന്‍ ജനത ഇന്നും അനുഭവിക്കുകയാണ്.
ഇത്രയൊക്കെ തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടും യുദ്ധക്കൊതി തീരുന്നില്ല.ഇസ്രയേലിലെയും പലസ്തീനിലെയും ചോരകുടിയന്‍മാരുടെ കലിയടങ്ങുന്നില്ല.ഗാസാമുനമ്പില്‍ കൊല്ലപ്പെടുന്നത് നിരപരാധികളും നിരാലംബരുമായ കുഞ്ഞുങ്ങളും സ്ത്രീകളുമാണ്.ഇസ്രയേല്‍ പട്ടാളം അമേരിക്കയുടെ പിന്‍ബലത്തില്‍ രണ്ടാഴ്ച കൊണ്ടുതന്നെ ആയിരത്തോളം പേരെ വധിച്ചു.അതിലേറെ പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും വീട് ഉള്‍പ്പെടെ സകലതും നഷ്ടമാവുകയും ചെയ്തു.മരിച്ചവരിലേറെയും പിഞ്ചുകുട്ടികളാണെന്നുള്ളത് ലോകമനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു.
യുദ്ധങ്ങള്‍ എവിടെയാണെങ്കിലും എതിര്‍ക്കപ്പെടണം.ഏതുയുദ്ധതിതിലും പിടഞ്ഞൊടുങ്ങുന്നത് സാധാരണക്കാരാണ്.സാധാരണ ജനങ്ങള്‍ക്ക് അവര്‍ ഏതുരാജ്യക്കാരായാലും പരസ്പരം ശത്രുതയില്ല.പിന്നെ ആര്‍ക്കുവേണ്ടിയാണ് യുദ്ധം?അധികാര ദുരമൂത്ത ചിലഭരണാധികാരികളാണ് യുദ്ധം ക്ഷണിച്ചുവരുത്തുന്നത്.ചെറുതും വലുതുമായ യുദ്ധങ്ങള്‍ ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് ദുരിതവും പട്ടിണിയും തീരാരോഗങ്ങളും മാത്രം.ലോകമനസാക്ഷി യുദ്ധത്തിന്റെ തീജ്വാലകള്‍ക്കു മുന്നില്‍ പകച്ചുനിന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുണ്ടായിട്ടുണ്ട്.അതിന്നും തുടരുന്നു.അധികാരക്കൊതിയന്‍മാരായ ഭരണാധികാരികളുടെ ദുരയടങ്ങുന്നില്ല.ഇതാ,ഇപ്പോള്‍ ഗാസാമുനമ്പില്‍ നിന്ന് കുഞ്ഞുങ്ങളുടെയും സ്ത്രീകളുടേയും നിലവിളികളുയരുന്നു.എന്നുതീരും ഈ യുദ്ധക്കൊതി?ഈ ഹിരോഷിമാ ദിനത്തില്‍ നാമോരോരുത്തരും യുദ്ധഭീകരതയെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കണം.

1 comment:

  1. ബ്ലോഗ് നന്നാവുന്നുണ്ട്.... പേജുകളുടെ പേരുകളും ഉദ്ദേശ്യവും നന്നായിട്ടുണ്ട്...അതിലേക്കുള്ള വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു...ഹെഡറിന്റെ പേര് നന്ന്. താഴെ സ്ക്കൂളിന്റെ പേര് വേണമെന്നില്ല..അഥവാ വേണമെങ്കില്‍ ഹെഡറില്‍ തന്നെ ഇമേജ് എഡിറ്റ് ചെയ്തു ചേര്‍ക്കുന്നത് നന്നായിരിക്കും...ആശംസകള്‍...

    ReplyDelete